പാപിനി
പാപിനി
പാപിനി, പാപിനി, കല്ലെറിയുക, അവളെ
കല്ലെറിയുക!
ആക്രോശിച്ചാർത്തുവിളിച്ചൂ
അധികാരിക്കൂട്ടം.
അന്യായമെന്നോതിമരണം
വിധിക്കുന്നു പുരോഹിതവൃന്ദം
ന്യായം അറിഞ്ഞു രക്ഷചെയ്യേണ്ടും ദൈവപ്രതിപുരുഷർ.
പാപിനി
പാപിനി, പാപിനി, കല്ലെറിയുക, അവളെ
കല്ലെറിയുക!
വഞ്ചകിയവൾ
തച്ചുടച്ചു ദന്തഗോപുരങ്ങൾ
സഹസ്രാബ്ദങ്ങളിൽ
പടുത്തുയർത്തിയ
വിശുദ്ധിതൻ
എടുപ്പുകെട്ടുകൾ.
പാപിനി
പാപിനി, പാപിനി, കല്ലെറിയുക, അവളെ
കല്ലെറിയുക!
നിശബ്ദം സഹിച്ചതല്ലവൾ, സുഖിച്ചു രമിച്ചവൾ
കേഴുന്നു വെറും കെട്ടുകഥ, വേശ്യാ
സ്ത്രീതൻ സദാചാര പ്രസംഗം
നിനക്കവേണ്ടലേശം
കളങ്കമേതും പിതാക്കളിൽ.
പാപിനി
പാപിനി, പാപിനി, കല്ലെറിയുക, അവളെ
കല്ലെറിയുക!
പെരുങ്കള്ളികൾ
പടച്ചുവിടുംനുണകൾ
വെണ്മയാം തിരുവസ്ത്രത്തിൽ കോരിയൊഴിക്കും
അസ്ലീലമാം
ചളി മാത്രമെന്നറിയുക കുഞ്ഞാടെ.
പാപിനി
പാപിനി, പാപിനി, കല്ലെറിയുക, അവളെ
കല്ലെറിയുക!
പിശാചിനിയവൾ,
ദുർമന്ത്രവാദിനി,
വശീകരണ മന്ത്ര൦ ചൊല്ലിമയക്കും കുലട,
നിശ്ശബ്ദയാക്കുക,
നാക്കുപിഴുതെടുത്തു നാടുകടത്തുക.
പാപിനി
പാപിനി, പാപിനി, കല്ലെറിയുക, അവളെ
കല്ലെറിയുക!
സന്യസിക്കേണ്ടവൾ
തെരുവിലിറങ്ങുന്നു,
നിശബ്ദം തേങ്ങി വാതിലുകൾ മുട്ടുന്നു,
മനസ്സും ശരീരവും വൃണപ്പെട്ടു വിങ്ങുന്നു.
പാപിനി
പാപിനി, പാപിനി, കല്ലെറിയുക, അവളെ
കല്ലെറിയുക!
അവളുടെ കണ്ണീരൊപ്പും കയ്യുകൾ തല്ലിയൊടിക്കുക,
അവൾക്കുവേണ്ടിയുയരും
വാക്കുകൾ കൂകിയമർത്തുക,
കള്ളക്കൂട്ടങ്ങൾ,
തെമ്മാടികൾ, പടിക്കുപുറത്തെന്നാജ്ഞാപിക്കുക.
പാപിനി
പാപിനി, പാപിനി, കല്ലെറിയുക, അവളെ
കല്ലെറിയുക!
ആദിമുതൽ പാപിനിയായവൾ, പാമ്പിനെ വിശ്വസിച്ചോൾ,
ആദാമിനെ ചതിച്ചവൾ, ഏദനിൻസുഖം നഷ്ടപ്പെടുത്തിയോൾ,
പാപ ഫലമാം ഈറ്റുനോവ് ശാപമായേറ്റുവാങ്ങിയോൾ.
പാപിനി
പാപിനി, പാപിനി, കല്ലെറിയുക, അവളെ
കല്ലെറിയുക!
അവൾ വിശുദ്ധസ്ഥലം വിലക്കപ്പെട്ടവൾ,
അവൾ തലമൂടി തറയിൽ നോക്കിനടക്കേണ്ടോൾ,
അവൾ അശുദ്ധരക്തംവാർക്കും ശപിക്കപ്പെട്ടവൾ.
പാപിനി
പാപിനി, പാപിനി, കല്ലെറിയുക, അവളെ
കല്ലെറിയുക!
അവൾ ഭോഗിക്കപ്പെടേണ്ടവൾ,
സംഭോഗശേഷം
ത്യജിക്കപ്പെടേണ്ടവൾ,
അവൾ പുരുഷശക്തി ക്ഷയിപ്പിക്കുന്നവൾ,
വിശുദ്ധനാകാൻ
അകറ്റിനിർത്തേണ്ടവൾ.
ഹേ പുരുഷോത്തമരെ, അതിവിശുദ്ധിതൻ
പൊയ്മുഖംപേറും
കപടസന്യാസിക്കൂട്ടമേ,
ധവളമാം വസ്ത്രത്താൽ, ഉള്ളിലെ കറ മറയ്ക്കും
വെള്ളതേച്ച
ശവക്കല്ലറകളെ,
രണ്ടായിരത്താണ്ടു
ജപിച്ചിട്ടും
ജ്ഞാനക്കണ്ണു
തെളിയാത്ത മാർഗ്ഗദീപങ്ങളിവർ
കാരമെല്ലാം
വറ്റി കൂർത്തുമൂർത്തപാറയാം ഉപ്പുഖണ്ഡങ്ങൾ
മലമേലിരിപ്പിലും
അഗതിക്കുമറവായിരിക്കും പട്ടണങ്ങൾ
വിഷജലം നിർഗളിക്കും മാറയിൻ കയ്പുനീർ തടങ്ങൾ
സാധുവിൻ മുതുകിൽ പ്രമാണങ്ങൾതൻ കഠിന
ഭാണ്ഡംവയ്ക്കും
കാരുണ്യം ലേശവുമില്ലാതഹന്തതൻ
പ്രമാണിമാർ
ദൈവസ്നേഹമറിഞ്ഞിടാത്ത
കപടനാട്യ പിതാക്കന്മാർ
വഴിയറിഞ്ഞിട്ടും വഴിതെറ്റിക്കും
സ്വാർത്ഥരാം വഴികാട്ടികൾ
ഇടയവടിനീട്ടി നടുവടിച്ചൊടിക്കും
ഇടയശ്രേഷ്ടന്മാർ
പാപഭാരത്തിൻ ഓലപ്പാമ്പുകാട്ടി
നരകഭയം വളർത്തുന്നവർ
പിതാവാം ദൈവം സ്നേഹമാണെന്നസത്യം
മറന്നവർ
കഴുത്തിൽ തൂക്കിയ
കുരിശിൽ കർത്താവിനെ നിത്യം ക്രൂശിപ്പോർ
ഉദ്ധാനം ചെയ്തവന്റെ
മഹത്ത്വത്തെ കല്ലറയിലടച്ചു മുദ്രവെച്ചോർ
അറിയുക നിങ്ങൾ, എഴുഭൂതങ്ങൾ വസിച്ച
മഗ്ദലനയെ കൈക്കൊണ്ടവനെ
വസ്ത്രവിളമ്പുതൊട്ട
രക്തശ്രാവക്കാരത്തിയെ അനുഗ്രഹിച്ചയച്ചവനെ
വെറുക്കപ്പെട്ട
ശമര്യസ്ത്രീതൻ കൈയ്യിൽനിന്നന്നു കിണർവെള്ളം കുടിച്ചോനെ
പാപിനിയുടെ
കണ്ണീരാൽ കാൽകഴുകപ്പെട്ടവനെ, കളേബരത്താൽ തുടക്കപ്പെട്ടോനെ
അറിയുക നിങ്ങൾ, നിന്ദിക്കും ഈശനെ,
യേശുമഹേശനെ
കല്ലെറിയാനടുത്ത
കാട്ടാളക്കൂട്ടത്തിൽനിന്നുമാ ഭാഗ്യഹീനയെ,
"തെറ്റുചെയ്യാത്തവനെറിയുകെന്നു"
ചൊല്ലി വീണ്ടെടുത്തവനെ
"പൊയ്ക്കൊൾക
മകളെ" ഇനി പാപം
ചെയ്യരുതെന്നാശ്വസിപ്പിച്ചവനെ.
അറിയുക, അവളിൽ കണ്ടു താൻ
സ്വമാതാവിനെ
അവിഹിതമെന്നു ഭവിക്കുമാ
ഗർഭഫലത്തെ ദൈവഹിതമായേറ്റോളേ
അറിയുക, താൻ പഠിച്ചത്
സ്വപിതാവിൽ നിന്നെന്ന്
അപഹാസ്യയാക്കാതെ
മറിയയെ മാറോടുചേർത്ത യോസേഫിനെ.
ഓർക്കുക കർത്തനിൻ
ദിവ്യവചസ്സുകൾ സ്നേഹിക്കിലവനെ നിങ്ങൾ
ചെയ്തീടുക
അവനുരചെയ്ത വാക്കുകൾ സന്തതം
മുറിച്ചീടുന്നു
ഞാൻ നിങ്ങൾക്കായെൻ ശരീരം,
ഒഴുക്കുന്നു രക്തവും
പങ്കുവെക്കുക
നിങ്ങൾ നിങ്ങളെത്തന്നെ, എന്നെ ഓർക്കുന്ന കാലമൊക്കെയും.
അടിക്കുറിപ്പ്
സമീപകാല സംഭവങ്ങളും അവക്കുള്ള വിവിധ
പ്രതികരണങ്ങളും വ്യാഖാനങ്ങളും നേരും നുണകളും കൂടിക്കുഴഞ്ഞ
നുരകളും പതകളും, കലക്കലും,
ആഴത്തിലേക്കു വലിച്ചെറിയപ്പെടുന്ന സത്യങ്ങളെ സാമാന്യ ജനത്തിന്
കാണാൻ പറ്റാതാക്കുന്നു . കലക്കലടിഞ്ഞു, നീരുതെളിഞ്ഞു, മുങ്ങിപ്പോയ സത്യങ്ങളെ നാമെങ്ങനെ കണ്ടെത്തും?
ചരിത്രങ്ങളിലേക്കു, വിശുദ്ധ ഗ്രന്ഥങ്ങളിലേക്കു മടങ്ങി,
അവയുടെ പുനർ വായനക്ക് മുതിരുക.
Comments
Post a Comment